കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി ബാക്കിയുള്ളത് വെറും മൂന്ന് നാൾ മാത്രമാണ്. ഫലസൂചനകൾ നൽകി എക്സിറ്റ് പോളുകളും പുറത്തുവന്നെങ്കിലും പാർട്ടികളുടേയും മുന്നണികളുടേയും കണക്കുകൂട്ടലുകൾക്ക് കുറവൊന്നും വന്നിട്ടില്ല. അതിന് കാരണവുമുണ്ട്, എക്സിറ്റ് പോളുകളെന്നത് വിദഗ്ധരുടെ കണക്കുകൂട്ടലുകളാണ്. അത് തെറ്റിയ ചരിത്രവും നമ്മുടെ നാട്ടിലുണ്ട്. എത്രയൊക്കെ കണക്കുകൂട്ടലുകളും സർവേകളും നടത്തിയാലും ജനം കൃത്യമായി ആർക്കാണ് കുത്തിയതെന്നറിയാൻ വോട്ടെണ്ണുക തന്നെ വേണം. കേരളത്തിലും ബംഗാളിലും ഭരണമാറ്റമാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഭരണത്തുടർച്ചയും. അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിരിക്കുന്ന പാർട്ടികളും മുന്നണികളും എക്സിറ്റ് പോൾ ഫലങ്ങളെ അംഗീകരിക്കുമ്പോൾ എതിർകകക്ഷികളും മുന്നണികളും പൂർണമായും തള്ളുന്നു. ‘എക്സാറ്റ്’ ഫലം മറിച്ചാക്കുമെന്നാണ് അവരുടെ അവകാശവാദം. അത്തരത്തിൽ വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്ന തെറ്റിപ്പോയ എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് നമുക്ക് നോക്കാം.
എക്സിറ്റ് പോളുകൾ തെറ്റിപ്പോകുന്ന സംഭവങ്ങൾ സമീപകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പും 2024 മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുമാണ് ഏറ്റവും വലിയ ഉദാഹരണങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയം നേടിയെങ്കിലും എക്സിറ്റ് പോളുകൾ പരാജയപ്പെടുന്നതിനും രാജ്യം സാക്ഷിയായി. തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടം പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ വിജയമാണു പ്രവചിച്ചത്. എൻഡിഎയ്ക്കു 350നു മുകളിൽ സീറ്റുകൾ ലഭിക്കുമെന്നും ബിജെപി കഴിഞ്ഞ തവണത്തേക്കാൾ സീറ്റു നേടുമെന്നുമായിരുന്നു പ്രവചനങ്ങൾ.
ഇന്ത്യാസഖ്യത്തിനും കോൺഗ്രസിനും തിരിച്ചടിയുണ്ടാകുമെന്നും സർവേകൾ വിലയിരുത്തിയെങ്കിലും പ്രതിപക്ഷം ഇതെല്ലാം തള്ളിയിരുന്നു. ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി–സിഎൻഎക്സ്, ടുഡേസ് ചാണക്യ എന്നിവ എൻഡിഎയ്ക്ക് 400 ൽ ഏറെ സീറ്റുകൾ പ്രവചിച്ചു. എൻഡിഎയ്ക്ക് 281–350 സീറ്റും ബിജെപിക്കു 248–298 സീറ്റും പ്രവചിച്ച ദൈനിക് ഭാസ്കറിന്റെ സർവേയാണു യാഥാർഥ്യത്തോട് അൽപ്പമെങ്കിലും അടുത്തുനിൽക്കുന്നത്. എബിപി–സി വോട്ടർ സർവേയിൽ എൻഡിഎയ്ക്ക് 278–330 സീറ്റാണു പ്രവചിച്ചത്. സർവേയിലെ കണ്ടെത്തലുകൾ തെറ്റായതിന്റെ നിരാശയിൽ ആക്സിസ് മൈ ഇന്ത്യ എംഡിയുമായ പ്രദീപ് ഗുപ്ത ഇന്ത്യ ടുഡേ ചാനൽ ചർച്ചയിൽ പൊട്ടിക്കരയുക വരെ ചെയ്തു. പിന്നീട് ഫലം വന്നപ്പോൾ എന്ത് സംഭവിച്ചു എന്ന് നമുക്കെല്ലാം അറിയാം. വിജയിക്കാനായെങ്കിലും ബിജെപി നന്നായിട്ടൊന്ന് വിയർത്തു, അല്ലെങ്കിൽ വിറച്ചു.
ഇനി, 2024 നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിൽ മഹായുതിസഖ്യം അധികാരം നിലനിർത്തുമെന്നു തന്നെയായിരുന്നു എക്സിറ്റ് പോൾ പ്രവചനം. 8 സർവേകളിൽ അഞ്ചും എൻഡിഎയ്ക്കു ഭൂരിപക്ഷം പ്രവചിച്ചു. 2 സർവേകൾ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിക്കു മുൻതൂക്കം പ്രവചിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 145 സീറ്റ് ഇരുകൂട്ടർക്കും കിട്ടില്ലെന്നായിരുന്നു ഒരു സർവേയിലെ പ്രവചനം. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മഹാരാഷ്ട്രയിൽ ഇന്ത്യാസഖ്യത്തെ കടപുഴക്കി എൻഡിഎ തൂത്തുവാരി. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായി ഭരണം നിലനിർത്തി. കോൺഗ്രസും ശിവസേനാ ഉദ്ധവ് പക്ഷവും എൻസിപി ശരദ് പവാർ പക്ഷവും അടങ്ങുന്ന മഹാ വികാസ് അഘാഡി വെറും 50 സീറ്റിലൊതുങ്ങി. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണെന്നിരിക്കെ, ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടുന്നതിനും മറാത്ത മണ്ണ് സാക്ഷിയായി.
ഇനി ജാർഖണ്ഡിലേക്ക് വരാം. 2024 നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമുണ്ടായിരുന്ന ജാർഖണ്ഡിൽ എൻഡിഎയ്ക്കു നേരിയ മുൻതൂക്കമുണ്ടെന്നായിരുന്നു എക്സിറ്റ് പോൾ. എന്നാൽ അതെല്ലാം കാറ്റിൽ പറത്തി മൂന്നിൽ രണ്ടു ഭൂരിപക്ഷവുമായി ജാർഖണ്ഡിൽ ഇന്ത്യാസഖ്യം ഭരണത്തുടർച്ച നേടി. 81ൽ 56 സീറ്റും സഖ്യം നേടി. അതിന് മുമ്പത്തെ തവണ നേടിയ 47ൽ നിന്ന് 9 സീറ്റ് അധികം. എൻഡിഎ 24 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 25 സീറ്റ് നേടിയിരുന്ന ബിജെപിക്ക് അത്തവണ ലഭിച്ചത് 21 മാത്രം.
ദേശിയ രാഷ്ട്രീയത്തിൽ അതിന് മുമ്പ് വൻ രീതിയിൽ പാളിപ്പോയ എക്സിറ്റ് പോൾ സംഭവിച്ചത് 2004ലായിരുന്നു. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.ബി.വാജ്പേയ് നയിച്ച എൻഡിഎ സർക്കാർ 240–275 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു സർവേ ഫലങ്ങൾ. ബിജെപി അത് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ വോട്ടെണ്ണിയപ്പോൾ സീറ്റുകൾ 187 ൽ ഒതുങ്ങി. യുപിഎ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു.
പറഞ്ഞുവരുന്നത്, എക്സിറ്റ് പോളുകൾ തെറ്റാം, തെറ്റാതിരിക്കാം. വിവിധ ഘടകങ്ങൾ കോർത്തിണക്കി വിശദമായി പഠിച്ച് തന്നെയാണ് ഓരോ ഏജൻസിയും സർവേ നടത്തി ഫലങ്ങൾ പുറത്ത് വിടുന്നത്. എങ്കിൽ പോലും നമ്മൾ ആദ്യം പറഞ്ഞതുപോലെ, ജനം ആർക്കാണ് ശരിക്കും കുത്തിയതെന്ന് അവർക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. എക്സാറ്റ് പോൾ അറിയാൻ മെയ് 4 വരെ കാത്തിരുന്നേ തീരു. 10 വർഷം അധികാരത്തിലിരുന്നിട്ടും ഇപ്പോഴും 60ന് മുകളിൽ സീറ്റുകൾ മിക്ക സർവേകളും തങ്ങൾക്ക് പ്രവചിക്കുന്നു എന്നത് തന്നെയാണ് ഇടതിന്റെ ആത്മവിശ്വാസവും. ചെറിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചാൽ, അപ്രതീക്ഷിതയിടങ്ങളിൽ ഫോട്ടേഫിനിഷുണ്ടായാൽ, ഫലം തന്നെ മാറിമറിയാം. എന്തായാലും വോട്ടെണ്ണാൻ നമുക്ക് 3 ദിവസം കൂടി കാത്തിരിക്കാം.




