തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, യൂണിവേഴ്സിറ്റി പരീക്ഷകളും പിഎസ്സി പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തപ്പെടും.
കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളില്‍ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ട് നിലനിൽക്കുന്നു. ഇതിന് പുറമെ, സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രം നിരോധനം ബാധകമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ തുടരുന്നു.
പശ്ചിമ തീരത്തെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ജൂലൈ 31 വരെ പരമ്പരാഗത യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും നിരോധനം നിലനിൽക്കും. യന്ത്രവത്കൃത മത്സ്യബന്ധന തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്നതിന് സിവിൽ സപ്ലൈസുമായി സഹകരിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.






