പാലക്കാട്: പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൻ്റെ ശുചീകരണത്തിന് കൂടുതൽ സൗകര്യം ഷൊർണൂരിൽ. 320 കിലോ മീറ്റർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ട്രെയിനിന് ഷൊർണൂരിൽ കൂടുതൽ സൗകര്യം റെയിൽവേ ഒരുക്കിയിട്ടുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും, 8 സ്ലീപ്പറുമാണുള്ളത്.
നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. ആകെ 19 സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. എന്നാൽ യാത്ര ആരംഭിക്കുന്നതും, അവസാനിപ്പിക്കുന്ന സമയവും മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ സ്റ്റോപ്പുകളിലും നിൽക്കുന്ന സമയക്രമം റെയിൽവേ അടുത്ത ദിവസം പുറത്ത് വിടും.
ആഴ്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് സർവീസ് ഉള്ളത്. ട്രെയിനിൻ്റെ അറ്റകുറ്റപണികൾക്കുള്ള ഷെഡ് നാഗർകോവിലാണ്. കോട്ടയം, ഷൊർണൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് ശുചിമുറികളിലേക്ക് വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ബോഗികൾ ഉൾപ്പെടെ ട്രെയിൻ ശുചീകരിക്കാൻ ഷൊർണൂരിൽ മാത്രമാണ് ഇടയിൽ സൗകര്യമുള്ളത്. ഒരു ബോഗിയിൽ 2 പേർ വച്ചാണ് ഷൊർണൂർ എത്തുമ്പോൾ ബോഗികൾ ശുചീകരിക്കുക.
45 ലധികം തൊഴിലാളികളാണ് ഇതിന് വേണ്ടി ഉണ്ടാവുക. ഇത്തരം കാരണത്താൽ ട്രെയിൻ മറ്റ് സ്റ്റേഷനുകളെക്കാൾ കൂടുതൽ നേരം ഷൊർണൂരിൽ നിർത്തിയിടുമെന്നാണ് കണക്കുകൂട്ടൽ. 22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും, 8 സ്ലീപ്പറുമാണുള്ളത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച ഈ മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.




