റാന്നി: അമ്മയുടെ ജഡത്തിനരികിൽ നിന്ന് കിട്ടിയ കുട്ടിക്കുരങ്ങന് സംരക്ഷണമൊരുക്കി വനപാലകർ. മാസം പ്രായമുള്ള കുട്ടിക്കുരങ്ങനെയാണ് ലഭിച്ചത്. ലാക്‌ടജൻ ഉപയോഗിച്ചുള്ള കുപ്പിപ്പാലും പഴവും നൽകിയാണ് ഉദ്യോഗസ്ഥർ അതിനെ പരിപാലിച്ചു. റാന്നി ആർആർടിസി റെസ്‌ക്യൂ ഓഫീസിലാണ് വാനരക്കുഞ്ഞ് ഇപ്പോഴുള്ളത്. രണ്ടു ദിവസം മുൻപ് റെസ്‌ക്യു ഓഫീസിലെത്തിയ കുരങ്ങ് ഇപ്പോൾ ഇവിടുത്തെ ഒരംഗമാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ എസ് നിധിയാണ് പാലും പഴവും നൽകി പരിപാലിക്കുന്നത്.
വനമേഖലയായ പെരുമ്പെട്ടി കരിയംപ്ലാവ് റോഡിൽ ചട്ടുമൺ ഭാഗത്ത് കുരങ്ങ് ചത്തുകിടക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. എസ്എഫ്ഒ പികെ രമേശും നിധിയും അവിടെയെത്തി. നാട്ടുകാരാണ് അമ്മയുടെ ശരീരത്തിനരികിൽ ഉണ്ടായിരുന്ന കുട്ടിക്കുരങ്ങനെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. നായയുടെയോ മറ്റോ ആക്രമണത്തിലാകാം കുരങ്ങ് ചത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർനടപടികൾക്കു ശേഷമാണ് കുട്ടിക്കുരങ്ങനുമായി വനപാലകർ റെസ്‌ക്യൂ ഹോമിലെത്തിയത്.






