തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപയും മകൻ അക്ഷയജിത്തുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. രാവിലെ ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശിൽപ തൂങ്ങി മരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






