കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽഡിഎഫ് സർക്കാരിന്റെയും സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാരും സ്പോൺസറും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിഷയത്തിൽ കായികവകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവമുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിച്ച വിഷയങ്ങളിൽ സർക്കാർ തലത്തിൽ കൂടുതൽ വിശദമായ ചർച്ച നടത്തിയശേഷം മാത്രമേ തുടർനടപടികൾ സംബന്ധിച്ച് പറയാനാകൂവെന്നും അദ്ദേഹം അറിയിച്ചു. ചില കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുമാത്രമേ പ്രമുഖ താരങ്ങൾക്ക് കേരളത്തിലെത്തി മത്സരിക്കാനാകൂ. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള മുൻ നടപടികളിൽ സർക്കാർ ചട്ടങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായികമന്ത്രിക്ക് ലഭിച്ച ഒരു ഇ-മെയിലിലൂടെയാണ് മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഒരു സർക്കാർ നടപടിക്രമം ഇത്തരത്തിലാണോ ആരംഭിക്കേണ്ടതെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെസ്സിയെ കേരളത്തിലെത്തിക്കുക എന്നതിൽ മാത്രം സർക്കാരിന്റെ ശ്രദ്ധ ഒതുങ്ങുന്നില്ലെന്നും കേരളത്തിൽനിന്ന് പുതിയ മെസ്സിമാരെ വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കായികവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയതായി സ്പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, തുക കൈമാറിയതിന്റെയോ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പണം കൈപ്പറ്റിയതിന്റെയോ രേഖകൾ ലഭ്യമല്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസിന്റെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അന്വേഷണം ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് സമർപ്പിച്ചത്. തുടർനടപടികൾക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മെസ്സിയുടെ കേരള സന്ദർശനം സംബന്ധിച്ച വാഗ്ദാനങ്ങൾക്കൊപ്പം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ശക്തമായതോടെ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളാണ് ഇനി നിർണായകം.


