ഇടുക്കി : ജലനിരപ്പ് 136 അടി ആയതിനേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പില്‍ വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.
അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.




