കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്‌ലാറ്റ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഏലാഞ്ചന്‍ (30) ആണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത്‌നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ആദ്യം പുറത്തെടുത്ത രണ്ടു പേരില്‍ ഒരാളാണ് മണ്ണിനടിയില്‍ മറ്റൊരാള്‍ കൂടെ ഉണ്ടെന്ന വിവരം അറിയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ നിര്‍മാണം നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫിസര്‍ക്ക് നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.




