തിരുവനന്തപുരം: മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടി മുൻ സർക്കാരും വഖഫ് ബോർഡും ചേർന്ന് പുതിയ സർക്കാരിന് പ്രശ്നമുണ്ടാക്കാൻ നടത്തിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു.
മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞ മുൻ സർക്കാർ തന്നെ പിന്നീട് വഖഫ് ഭൂമികൾ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ‘ഉമീദ്’ പോർട്ടലിൽ ഈ ഭൂമി രജിസ്റ്റർ ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. സാധാരണയായി വഖഫ് ഭൂമികൾ രജിസ്റ്റർ ചെയ്യുന്നത് മുത്തവല്ലിയാണെങ്കിലും, മുനമ്പം കേസിൽ വഖഫ് ബോർഡ് നേരിട്ടാണ് രജിസ്ട്രേഷൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വഖഫ് സ്വത്താണെന്ന് രേഖപ്പെടുത്തിയാൽ അവിടെ താമസിക്കുന്നവർ കൈയേറ്റക്കാരായി മാറുമെന്ന ആശങ്കയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
എന്നാൽ അവിടെ നിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നും ജനങ്ങൾക്ക് നികുതി അടയ്ക്കാൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നിയമപ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവിനും സ്റ്റേ വാങ്ങിയതായും മുഖ്യമന്ത്രി ആരോപിച്ചു. വഖഫ് ബോർഡിന്റെ നടപടിയെ സർക്കാർ നിയമപരമായി നേരിടുമെന്നും, ഈ വിഷയത്തിൽ മതപരമായ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് മുൻ സർക്കാർ പിന്തുണ നൽകിയതായും വി.ഡി. സതീശൻ പറഞ്ഞു.






