കൊച്ചി: മുനമ്പത്തെ വഖഫ് തര്‍ക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി ഭൂസംരക്ഷണ സമിതി.
റവന്യു അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാല്‍ കൊച്ചി സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഉത്തരവ് സിംഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
ഇതിനെതിരെയാണ് മുനമ്പം ഭൂസംരക്ഷണസമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ ഭൂനികുതി പിരിക്കാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ നികുതി പിരിയ്ക്കാന്‍ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ഇതേ ബെഞ്ച് പിന്നീട് വ്യക്തത വരുത്തിയിരുന്നു.
മുന്‍പ് ഈ കേസില്‍ ഉള്ള സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് മുനമ്പത്തെ ജനങ്ങള്‍ വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുന്നത്.
തല്‍സ്ഥിതി തുടരണമെന്ന ഉത്തരവുകള്‍ നേരത്തെ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അത് പ്രകാരം റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നുമാണ് ആവശ്യം.



