തിരുവനന്തപുരം: പി.കെ. ശശിക്കെതിരേ രൂക്ഷവിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പി.കെ. ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. വിമത നീക്കത്തിന്‍റെ പേരിൽ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.
പി.കെ. ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൽ വന്നകാലം മുതൽക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തിൽ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.




