മലപ്പുറം: കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം. വി ഡി സതീശന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതയുടെ വിധിയെ മാനിച്ചാണ് ലീഗും തീരുമാനം അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ നിലപാട് അറിയാനായി ഇന്നും മല്ലികാർജുൻ ഖർഗെ ബന്ധപ്പെട്ടിരുന്നുവെന്നും പാർട്ടിയുടെ അഭിപ്രായം വ്യക്തമായി അറിയിച്ചതായും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ മന്ത്രിമാരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു. ഇനി അഞ്ച് വർഷം യു ഡി എഫ് ഭരണമായിരിക്കുമെന്നും ജനവിധിയെ മാനിച്ചുള്ള തീരുമാനമാണിതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിയും ജനങ്ങളുമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനും പുതിയ സർക്കാരിനും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ നടന്ന ചർച്ചകൾ ഇനി പ്രസക്തമല്ലെന്നും എല്ലാ വശങ്ങളും ആലോചിച്ചാണ് നേതൃത്വം തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





