തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആശംസകൾ അറിയിച്ചു. ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർത്ഥ്യമാക്കുന്ന ഭരണമായി പുതിയ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വലിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾ, സമരങ്ങൾ, അറസ്റ്റുകൾ, പ്രവർത്തകരുടെ ത്യാഗങ്ങൾ എന്നിവയുടെ ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകരുടെയും പരിശ്രമത്തിന്റെ ഫലമായാണ് ഈ സർക്കാർ രൂപം കൊണ്ടതെന്നും അദ്ദേഹം കുറിച്ചു. ഈ സർക്കാരിനെ നയിക്കാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും, ജനപക്ഷ ഭരണമായിരിക്കട്ടെ എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.






