തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൻെറ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ചയെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വാഹന കമ്മീഷണർ വി. ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചടങ്ങ് റദ്ദാക്കിക്കൊണ്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വേദി വിട്ടതോടെയാണ് നടപടി.
മന്ത്രിയുടെ നിർദ്ദേശപ്രകാരം 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗംഭീരമായി നടത്താനായിരുന്നു പദ്ധതി. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ജോയിൻറ് കമ്മീഷണർക്കും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. കനകകുന്ന് പാലസിന് മുന്നിൽ വാഹനങ്ങൾ നിരത്തണമെന്നായിരുന്നു തീരുമാനം. എന്നാൽ ടൈൽസ് കേടാകുമെന്ന് ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് അനുമതി നൽകിയില്ല. ഈ വിവരങ്ങൾ മന്ത്രി ഓഫീസിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ അറിയിക്കാതിരുന്നതും, ആർടിഒമാരെയോ മറ്റ് ഉദ്യോഗസ്ഥരെയോ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതുമാണ് മന്ത്രിയുടെ അസന്തോഷത്തിന് കാരണമായത്.
ഫ്ലാഗ് ഓഫ് ചടങ്ങ് താൻ ആഗ്രഹിച്ചതുപോലെ നടന്നില്ലെന്ന കാരണത്താൽ വേദിയിൽ മന്ത്രി പ്രകടിപ്പിച്ച രോഷമാണ് വിവാദമായി മാറിയത്. ഉദ്യോഗസ്ഥരും വിരമിച്ചവരും ഉൾപ്പെടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ മന്ത്രിയുടെ നടപടി വിമർശിക്കപ്പെട്ടു. പരിപാടി വിജയകരമല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗസ്ഥനോട് മാത്രം ഉത്തരവാദിത്വം ചോദിക്കുന്നതിൽ ഉദ്യോഗസ്ഥർ എതിർപ്പുയർത്തി. ഇതിനിടെ, റദ്ദാക്കപ്പെട്ട ഫ്ലാഗ് ഓഫ് ചടങ്ങ് അടുത്ത മാസം 20ന് ശേഷം വിപുലമായി നടത്തുമെന്നതാണ് മന്ത്രിയുടെ തീരുമാനം.




