ടെക്‌സസ്: ഡാളസിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വാതക ചോർച്ച മൂലമുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും മൂന്ന് പേർ കൊല്ലപ്പെട്ടു. മരണപെട്ടവരിൽ കുട്ടിയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സമീപത്തെ നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായത്. രണ്ട് നിലകളുള്ള സമുച്ചയം പൂർണ്ണമായി തകർന്നു, വൻതോതിൽ തീ പടർന്നു. സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾ അകലെയുള്ള വീടുകൾക്കും എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
റക്ഷാപ്രവർത്തനത്തിനായി 120-ഓളം അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഡ്രോണുകളും പ്രത്യേക സെർച്ച് ടീമുകളും ഉപയോഗിച്ച് തകർന്ന അവശിഷ്ടങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. സമീപത്തെ മറ്റുകെട്ടിടങ്ങളിൽ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും, ഗ്യാസ് വിതരണ കമ്പനി ‘അറ്റ്‌മോസ് എനർജി’ പ്രദേശത്തെ വാതക ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സ്ഥലത്ത് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ഗ്യാസ് പൈപ്പ്‌ലൈൻ തകരാറിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.






