കോക്രോച്ചുകളുടേയും യുവാക്കളുടേയും പ്രതിഷേധാഗ്നിയിൽ കത്തിയെരിയുന്ന രാജ്യതലസ്ഥാനത്ത് അധികം ചർച്ച ചെയ്യപ്പെടാതെ മറ്റ് ചില നിർണായക നീക്കങ്ങളും കൂടിക്കാഴ്ച്ചകളും നടക്കുന്നുണ്ട്. മാധ്യമങ്ങളെല്ലാം പ്രക്ഷോഭകർക്ക് പിന്നാലെ പോകുന്നു, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെതിരെ പ്ലാക്കാർഡുകളുമായി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായി സജീവമാണ്. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ ഉലയ്ക്കാൻ പാകത്തിലുള്ളതാണ്. സ്ത്രീ സംവരണ ബില്ലിന്റെ നടപ്പാക്കലും മണ്ഡല പുനർനിർണ്ണയ ബില്ലും മുന്നിൽനിൽക്കെ, പാർലമെന്റിൽ ബി.ജെ.പി സർക്കാർ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും സജീവമായി ഉയരുന്നത്. ഈ നിർണ്ണായക ചോദ്യങ്ങൾക്കിടയിലാണ് കോൺഗ്രസിനെയും ‘ഇന്ത്യ’ മുന്നണിയെയും പൂർണ്ണമായും ഞെട്ടിച്ചുകൊണ്ട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയ സുലെ എം.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷ പാർട്ടികൾ തെരുവിൽ പോരാടുമ്പോൾ ഇന്ത്യാ സഖ്യത്തിലെ പ്രധാന ഘടകകക്ഷി നേതാവ് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സസന്തോഷം ചർച്ച നടത്തിയത് പ്രതിപക്ഷ നിരയ്ക്ക് ലഭിച്ച കനത്ത പ്രഹരം മാത്രമല്ല, ദേശിയ രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അമ്പരപ്പാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് വരെ കോൺഗ്രസിലേക്കോ എൻഡിഎയിലേക്കോ എന്ന സംശയത്തിൽ നിന്നിരുന്നയാളാണ് ശരത് പവാർ. പിന്നീട് താൻ ഇനി കോൺഗ്രസിലേക്ക് ഒരു തിരിച്ചുപോക്കിനില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞപ്പോൾ നോട്ടം താമരയിലേക്ക് തന്നെയാണെന്ന കാര്യത്തിൽ ഏകദേശം വ്യക്തതയും വന്നിരുന്നു. ആ അഭ്യൂഹങ്ങളാണ് ഇതോടെ കൂടുതൽ ശക്തിപ്പെടുന്നത്. തൽക്കാലത്തേക്ക് എല്ലാ അഭ്യൂഹങ്ങളും സുപ്രിയ നിഷേധിക്കുന്നുണ്ട്.
പവാറിനെ വാതിൽക്കലെത്തി സ്വീകരിക്കുന്ന മോദിയും, ഇരുനേതാക്കളും കുറിപ്പുകൾ കൈമാറി പൊട്ടിച്ചിരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമായിരുന്നു. കർഷക പ്രശ്‌നങ്ങളും ജലസേചന വിഷയങ്ങളും ഉന്നയിച്ചാണ് കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, ഇതിനു പിന്നിൽ ആഴത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളാണുള്ളതെന്ന് വ്യക്തമാണ്.
സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ കാര്യവും ചർച്ചയിൽ വിഷയമായി. കുട്ടികളുടെ ആവശ്യങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ശരത് പവാർ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ജന്തർ മന്തറിലെത്തി കണ്ട് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയാണ് ശരത് പവാറും സുപ്രിയ സുലെയും പ്രധാനമന്ത്രിയെ കണ്ടത്.
രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്ന മണ്ഡല പുനർനിർണ്ണയ ബില്ലും സ്ത്രീ സംവരണവും സഭയിൽ പാസാക്കിയെടുക്കാൻ ഭരണപക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. ഇതില്ലാത്തതിന്റെ പേരിൽ ഒരു തവണ ഈ ശ്രമം പരാജയപ്പെട്ടതുമാണ്. ഈ ഘട്ടത്തിലാണ് എൻ.സി.പി വിഭാഗത്തിന്റെ എട്ട് എം.പിമാരുടെ പിന്തുണ കേന്ദ്ര സർക്കാരിന് വലിയ താങ്ങായി മാറുന്നത്. സഭയിലെ വോട്ടെടുപ്പ് തന്ത്രങ്ങളിൽ പവാറിന്റെ നിലപാട് സർക്കാരിന് വിജയം ഉറപ്പാക്കാൻ പോന്നതാണ്. പ്രായം തളർത്തുന്നുണ്ടെങ്കിലും ഇന്നും മഹാരാഷ്ട്രയിലെ തന്റെ പരമ്പരാഗത ഏരിയകളിൽ ഇന്നും ഒരു മഹാമേരു തന്നെയാണ് ശരത് പവാർ എന്ന പൊളിറ്റിക്കൽ ചാണക്യൻ. തനിക്കപ്പുറം ഒരു നേതാവിനെ വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇനി മകളെ മുൻനിർത്തി എൻഡിഎക്കൊപ്പം ചേർന്ന് ഒരിക്കൽ കൂടി ദേശിയ രാഷ്ട്രീയത്തിലെ അധികാരമധുരം നുണയുക എന്നത് തന്നെയാകും പവാറിന്റെ ഉള്ളിലിരുപ്പ്.
കുറച്ച് കാലമായി എൻഡിഎ ചായ്വ് പ്രകടിപ്പിക്കുന്നുണ്ട് പവാർ പക്ഷം. രാജ്യത്തെ എല്ലാ മേഖലകളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയാൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന് സുപ്രിയ സുലെ മുൻപ് സൂചിപ്പിച്ചതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഒരുപക്ഷേ അജിത് പവാർ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ നീക്കങ്ങൾ പണ്ടേ നടക്കുമായിരുന്നതാണ്, അല്ലെങ്കിൽ രണ്ട് പക്ഷവും ലയിക്കുകയും ഏതെങ്കിലും ഒരു മുന്നണിയിൽ ചേരുകയും സംഭവിക്കുമായിരുന്നു. അന്ന് ഇരു കൂട്ടരും ഇക്കാര്യത്തിൽ ചില പ്രാഥമിക ചർച്ചകളും നടത്തിയിരുന്നു, ആ ഘട്ടത്തിലാണ് അജിത് പവാറിനെ തേടി ദുരന്തമെത്തുന്നത്. എൻസിപി(എസ്പി) നേതാവ് ജയന്ത് പാട്ടീൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശരത് പവാറിന്റെ പാർട്ടി എൻഡിഎയിൽ ചേരുകയോ എൻസിപി അജിത് പവാർ പക്ഷവുമായി ലയിക്കുകയോ ചെയ്‌തേക്കുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളുണ്ടായിരുന്നു.
സഭയിൽ പ്രതിപക്ഷ പാർട്ടികളുടെ ‘കോക്ക്‌റോച്ച് പ്രതിഷേധങ്ങൾ’ തുടരുമ്പോഴും, തന്ത്രപരമായ നീക്കങ്ങളിലൂടെ വീണ്ടും വിജയം കൊയ്യുന്നത് മോദിയും ബിജെപിയും തന്നെയാണെന്ന ചിത്രമാണ് ഡൽഹിയിൽ തെളിയുന്നത്. പാർലമെന്റിൽ പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കുമ്പോൾ, അതിലെ പ്രധാനപ്പെട്ട ഒരു കക്ഷിയുടെ അമരക്കാരനെ തങ്ങളിലേക്ക് അടുപ്പിച്ചു നിർത്തി പ്രതിപക്ഷ ഐക്യത്തിന്റെ ബലഹീനത തുറന്നുകാട്ടാൻ കേന്ദ്രത്തിന് സാധിച്ചു. മൺസൂൺ സമ്മേളനത്തിൽ നിർണ്ണായക നിയമനിർമ്മാണങ്ങൾ നടക്കുമ്പോൾ പവാറിന്റെ പിന്തുണയോ തന്ത്രപരമായ മൗനമോ സർക്കാരിന്റെ വഴി എളുപ്പമാക്കും.
ഇത്തരമൊരു നീക്കം നിലവിലെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനും സാധ്യതയുണ്ട്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം ദോഷകരമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പവാർ പക്ഷത്തോടും ഡിഎംകെയോടും ബില്ലിനെ പിന്തുണയ്ക്കരുതെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
പവാർ വിഭാഗം എൻ.ഡി.എ മുന്നണിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഏറ്റവുമധികം ആശങ്ക സമ്മാനിക്കുന്നത് കോൺഗ്രസിന് തന്നെയാണ്. എന്നാൽ, മഹാരാഷ്ട്രയിലെ രണ്ടു എൻ.സി.പി വിഭാഗങ്ങളും തമ്മിൽ ലയിച്ചാൽ മാത്രമേ ഒദ്യോഗിക സഖ്യം സാധ്യമാകൂ എന്ന കടുപ്പമേറിയ നിബന്ധനയാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. വ്യക്തിഗതമായ ലയനത്തേക്കാൾ എൻ.സി.പി ഒന്നാകെ ഒപ്പം നിൽക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഒരു കാര്യം ഉറപ്പാണ്- ഇന്ത്യാ സഖ്യം വലിയ പ്രതിസന്ധിയിലേക്ക് തന്നെയാണ് പോകുന്നത്. മഹാരാഷ്ട്ര പ്രാദേശിക രാഷ്ട്രീയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് ഈ കൂടിക്കാഴ്ച നൽകുന്നത്. ചുരുക്കത്തിൽ, പ്രതിപക്ഷത്തിന്റെ മുദ്രാവാക്യവിളികൾക്കും പ്രതിഷേധങ്ങൾക്കും മുകളിലൂടെ, സഭയിലെ അംഗബലവും ഭൂരിപക്ഷവും ഉറപ്പാക്കി തങ്ങളുടെ അജണ്ടകൾ ഓരോന്നായി പാസാക്കിയെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ എൻസിപിയുടെ നിലപാട് അത്രമേൽ നിർണായകമാകും.




