തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്വേഷണ പുരോഗതി വിലയിരുത്തിയത്.
ഫോറൻസിക് പരിശോധന ഫലം ലഭിക്കുന്നതിലെ കാലതാമസമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിന് കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി നിർദേശിച്ചു.
കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും കോടതി നിരീക്ഷണം നടത്തി.
കഴിഞ്ഞ മെയ് 21നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഒന്നര വയസുകാരനായ അർഷിദ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
കുട്ടിക്ക് പരിക്കേറ്റ വിവരം അറിഞ്ഞിട്ടും കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




