ചെന്നൈ: നീറ്റ് പരീക്ഷയിൽ ആവർത്തിച്ച് ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണമായി റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വിജയ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നുവെന്നും ദേശീയതല പരീക്ഷകളിലെ വലിയ പിഴവുകളുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞു.
2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ച നടന്നതിനെ തുടർന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണണൻ അധ്യക്ഷനായ സമിതി പരീക്ഷാ പരിഷ്കാരങ്ങൾക്ക് 95 നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായത് പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്ന് വിജയ് ആരോപിച്ചു.
നഗരങ്ങളിലെ സമ്പന്നരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കും കൂടുതൽ ഗുണം ചെയ്യുന്ന രീതിയിലാണ് നീറ്റ് പരീക്ഷയെന്നും അദ്ദേഹം വിമർശിച്ചു. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്കും സർക്കാർ സ്കൂളുകളിലും തമിഴ് മീഡിയത്തിലും പഠിക്കുന്നവർക്കും നീറ്റ് വലിയ ബുദ്ധിമുട്ടാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ നിയമപരമായ അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകാത്തതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.






