കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായ അതിശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം നാരായണി നദിയിലൂടെ താഴേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതിന്റെയും ആഭരണങ്ങൾ അഴിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ചിത്വാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് വ്യാഴാഴ്ച ഭാരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നവൽപരാസിയിലെ ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയായ മദൻ ഗുരുങ് ഭാരത്പൂരിലെ അമ്മാവന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സുൻസാരി സ്വദേശിയായ ഉമേഷ് ചൗധരിയും നിലവിൽ ഭാരത്പൂരിലാണ് താമസിച്ചിരുന്നത്.
ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നടപടികൾ തുടരുന്നതിനിടെയാണ് മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സംഭവം പുറത്തുവന്നത്.
പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കൊള്ള, മോഷണം തുടങ്ങിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ചിത്വാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ദുരന്തബാധിതരെയും മരിച്ചവരെയും ലക്ഷ്യമിട്ടുള്ള കൊള്ളയോ മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് ചിത്വാൻ പൊലീസ് മേധാവി എസ്.പി. രമേശ്വർ പൗഡൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഉടൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തിയതായും 1,400ലേറെ പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിൽ നിരവധി പട്ടണങ്ങളിലും താഴ്‌വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്.
ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന–നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് രൂപപ്പെട്ട തടയണ ഏത് സമയത്തും പൊട്ടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏകദേശം 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. നദീതീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് ടിബറ്റൻ അതിർത്തിക്ക് സമീപം മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രളയത്തിൽ ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒഴുകിപ്പോയതായും രാജ്യത്തെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്ക് തകരാറുണ്ടായതായും റിപ്പോർട്ടുണ്ട്.


