തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപമുണ്ടായിരുന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന നിലയിൽ മൃതദേഹം കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40നും 50നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.
മൃതശരീരത്തോടൊപ്പം ലഭിച്ച ഇലക്ഷൻ ഐഡി കാർഡിൽ ജനനത്തീയതി 1964 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വിധം യുവതിക്ക് അത്രയും പ്രായം തോന്നിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുന്നതിനും സംഭവത്തിന്റെ സാഹചര്യം വ്യക്തമാക്കുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.











