ന്യൂഡല്‍ഹി: നെസ്‌ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ പാൽപ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലെന്നും നിലവാരമില്ലെന്നും കണ്ടെത്തിയത്. തുടർന്ന് ഉൽപ്പന്നത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ നിർദേശം നൽകി.
ഡൽഹി കൊണാട്ട് പ്ലേസിലെ ‘ദി ലളിത്’ ഹോട്ടലിൽ നിന്നാണ് പരിശോധനയുടെ ഭാഗമായി നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ സാമ്പിൾ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിൾ 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഹോട്ടലിനും വിൽപ്പന ഉടൻ നിർത്തിവെക്കാൻ നിർമാതാക്കൾക്കും നിർദേശം നൽകിയതായി എഫ്എസ്എസ്എഐ അറിയിച്ചു. തീരുമാനത്തിനെതിരെ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ നൽകാനും അവസരമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.




