കോഴിക്കോട്: മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രശ്നങ്ങളും ജനജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കൃത്യതയോടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ വാർഷിക ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
യോഗത്തിൽ ശൈലേഷ് അമലാപുരിയെ പ്രസിഡന്റായും എം. ഉസ്മാനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുക വഴി പുതിയ നേതൃത്വത്തിന് രൂപം നൽകി. വൈസ് പ്രസിഡന്റ്മാരായി പി. കെ. ഗിരീഷ്, കെ. പി. അബ്ദുല്ലത്തീഫ്, ഗഫൂർ കണിയാത്ത് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അൻവർ ഷെരീഫ്, അൻവർ ബാബു, രജിത് മാവൂർ എന്നിവരെയും തെരഞ്ഞെടുത്തു.
കെ. എം. അബ്ദുൽസലാം ട്രഷററായും പി. കെ. റമീലും അമീൻ ഷാഫിദും ഓർഗനൈസിംഗ് കൺവീനർമാരായും തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തിന് മുന്നോടിയായി പ്രസ് ക്ലബ്ബിന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ലത്തീഫ് കുറ്റിക്കുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സി. കെ. ഷമീം, എം. ഉസ്മാൻ, കെ. എം. അബ്ദുൽസലാം, റഹ്മാൻ കുറ്റിക്കാട്ടൂർ, ജംഷിദ് പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.










