കോട്ടയം: തുരുത്തി മുതൽ വാലടി വരെ വീയപുരം പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മുളയ്ക്കാംതുരുത്തി ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
റോഡ് നിർമാണത്തിന്റെ ഭാഗമായി ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണമുണ്ട്. മുളയ്ക്കാംതുരുത്തിയിൽ പാടശേഖരങ്ങളിലൂടെ റോഡ് കടന്നു പോകുന്ന ഭാഗമാണ് ഇപ്പോൾ ബലപ്പെടുത്തുന്നത്. റോഡിനു വശത്ത് ആഴത്തിലുള്ള കുഴിയെടുത്ത് തെങ്ങിൻ കുറ്റികൾ നാട്ടി തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് പാറക്കല്ലുകൾ പാകി ജിയോ സെല്ലിൽ ഡബ്ല്യുഎംഎം മിക്സ് നിറയ്ക്കുന്ന സാങ്കേതിക വിദ്യയിലാണ് റോഡ് നിർമാണം. റോഡിന്റെ ഇരുഭാഗവും ഇങ്ങനെ ബലപ്പെടുത്തും.
റോഡ് നിർമാണം പൂർത്തിയാകുന്നതോടെ റോഡിനു പത്തു മീറ്റർ വീതിയുണ്ടാകും. റോഡിന്റെ ഇരു ഭാഗത്തും കോൺക്രീറ്റും ചെയ്യും. പാടശേഖരമായതിനാൽ നീരൊഴുക്കിനു വേണ്ടി റോഡിനു അടിയിലൂടെ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും ഇപ്പോൾ പുരോഗമിക്കുകയാണ്.










