കോട്ടയം: കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടന്നുവെന്നും നേതാക്കൾക്കെതിരെ വിമർശനം ഉയർന്നുവെന്നുമുള്ള വാർത്തകൾ തികച്ചും അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ പ്രസ്താവനയിൽ അറിയിച്ചു. നൂറ്റിമുപ്പത്തിരണ്ട് പേർ പങ്കെടുത്ത യോഗത്തിൽ എൽ.ഡി.എഫിന്റെ മധ്യ മേഖല ജാഥ, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ, ജനുവരി 30-ലെ കാരുണ്യ ദിനാചരണം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
നേതൃത്വത്തിനെതിരെ ആരും വിമർശനം ഉന്നയിച്ചില്ലെന്ന് മാത്രമല്ല, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. കർഷക ഭൂമിയുടെ ഉടമസ്ഥാവകാശം, വന്യജീവി സംരക്ഷണ നിയമ ഭേദഗതി, റബർ താങ്ങുവില വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നടത്തിയ ഇടപെടലുകൾ മാതൃകാപരമാണെന്ന് യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കു ലഭിക്കുന്ന ജനപിന്തുണയിൽ അസ്വസ്ഥരായ ചില കേന്ദ്രങ്ങൾ മാധ്യമങ്ങളെ ചട്ടുകമാക്കി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഉത്തരവാദിത്തമില്ലാത്ത രീതിയിൽ ചില ചാനലുകൾ പടച്ചുവിടുന്ന ഇത്തരം തിരക്കഥകൾ മാധ്യമപ്രവർത്തനത്തിന്റെ അധഃപതനമാണ് കാണിക്കുന്നത്. പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും, യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഔസേപ്പച്ചൻ വാളിപ്ലാക്കൽ വ്യക്തമാക്കി.




