കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നടൻ പ്രേംകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. നിതിൻ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ഒരു സംവിധാനത്തിന്റെ ഭാഗമായ സംഭവമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആത്മഹത്യയല്ല, സ്ഥാപനവൽക്കരിച്ച കൊലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുന്നതിനൊപ്പം അവരെ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നും പ്രേംകുമാർ പറഞ്ഞു. കേരളത്തെ ലോകത്തിനു മുന്നിൽ അപമാനത്തിലാക്കിയവരെ എല്ലാവരും കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി വ്യവസ്ഥയുടെ ചിന്തകൾ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നത് വലിയ ദുരന്തമാണെന്നും അദ്ദേഹം വിമർശിച്ചു. നിതിൻ രാജിന് ലഭിക്കാതെ പോയ നീതി അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കണമെന്നും പ്രേംകുമാർ ആവശ്യപ്പെട്ടു.




