മലപ്പുറം : കൊളപ്പുറത്ത് അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാലത്തിലേക്കുള്ള അനുബന്ധറോഡിന്റെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി. ഇപ്പോൾ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാതയിലെത്താൻ പഴയപോലെ വളഞ്ഞു സഞ്ചരിക്കേണ്ടിവരില്ല.ഈ ഭാഗത്ത് ദേശീയപാത അധികൃതർ വിമാനത്താവളം റോഡിന് നടുവിലൂടെ കോൺക്രീറ്റിൽ നിർമിച്ച ഡിവൈഡർ നാട്ടുകാരിടപെട്ട് പൊളിപ്പിക്കുകയും അനുബന്ധ റോഡിന്റെ പണി താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
പിന്നീട് നാട്ടുകാരും കൊളപ്പുറത്തെ വിവിധ സംഘടനകളുടെ നേതാക്കളും ജില്ലാ കളക്ടർക്ക് നിർമ്മാണം കൊണ്ട് കൊളപ്പുറം ഭാഗത്തുണ്ടാകുന്ന യാത്രാപ്രശ്നങ്ങൾ ഉന്നയിച്ച് നിവേദനവും നൽകിയിരുന്നു. ആ ഭാഗത്താണ് ടാറിങ് പൂർത്തിയായത്. എന്നാൽ നേരിട്ട് മേൽപ്പാലത്തിൽ എത്തിയാലും തിരൂരങ്ങാടിയിലേക്ക് തിരിയുന്ന ഭാഗത്ത് ഇപ്പോഴും ഗതാഗതക്കുരുക്കാണ്. ഇത് പരിഹരിക്കാൻ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കടന്നുപോകുന്ന ഭാഗത്ത് മേൽപ്പാലം നിർമ്മിക്കണം.










