ബംഗളൂരു: കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് മാത്രമായിരുന്നു ഇതുവരെ ഇളവ്. ഇതിനൊപ്പം ആൺകുട്ടികൾക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സർക്കാർ.
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇനി മുതൽ സർക്കാരിന് കീഴിലുള്ള നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടേയും ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി രൂപയാണ് ഇതിനായി സർക്കാരിന് വരുന്നത്. കെഎസ്ആർടിസി ബസുകളിൽ മാത്രം മൂന്നുലക്ഷത്തോളം വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.






