ന്യൂയോര്‍ക്ക്: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎന്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം വൈകിക്കാന്‍ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയില്‍ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്ക്കും ചൈനയ്ക്കും പുറമേ പാകിസ്ഥാനും അള്‍ജീരിയയും ഇറാനെ പിന്തുണച്ചു.
ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വന്‍പിഴ അടയ്ക്കേണ്ടി വരും.
ഉപരോധത്തിന് മുന്‍കയ്യെടുത്ത ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ അംബാസഡര്‍മാരെ ഇറാന്‍ തിരിച്ചുവിളിച്ചു. ചര്‍ച്ചകള്‍ക്കായാണ് ഇവരെ വിളിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണമെങ്കിലും പ്രതിഷേധസൂചകമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍.










