ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ നേരിയ അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.70 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 91.12 എന്ന നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്.
അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ തന്നെ സമാധാന കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് എണ്ണവിലയും കുറഞ്ഞിരിക്കുന്നത്. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനും ഒരു പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ഹോര്‍മൂസ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.
എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നാലുതവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് മാത്രം ഏകദേശം എട്ടുരൂപയാണ് വര്‍ധിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞ സ്ഥിതിക്ക് ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയമായ ചോദ്യം.






