തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ആർ ശ്രീലേഖ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആർ ശ്രീലേഖ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആർത്തവ അവധി നൽകുന്നത് പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അബലകളായി ചിത്രീകരിക്കുമോ എന്ന സംശയമാണ് അവർ ഉയർത്തിയത്.
ആർത്തവം സ്ത്രീകളുടെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണെന്നും ചിലർക്ക് ഈ സമയത്ത് വേദനയും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ടെന്നും അവർ പറഞ്ഞു. തനിക്കും ആർത്തവ സമയത്ത് വേദന ഉണ്ടായിരുന്നെങ്കിലും സ്കൂൾ, കോളേജ് പഠനകാലത്തോ ഐപിഎസ് പരിശീലന സമയത്തോ അതിന്റെ പേരിൽ വിട്ടുനിന്നിട്ടില്ലെന്നും ശ്രീലേഖ കുറിച്ചു. എല്ലാ മാസവും ആർത്തവ അവധി എടുക്കുന്നതിലൂടെ വിദ്യാർത്ഥിനികളുടെ സ്വകാര്യത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ആർത്തവത്തിന്റെ മാന്യതയെ ബാധിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
അതിന് പകരം സ്കൂളുകളിലും കോളേജുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആവശ്യമായ ആരോഗ്യസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നാണ് അവരുടെ നിർദേശം. ആവശ്യമായ സാഹചര്യങ്ങളിൽ വേദനസംഹാരികൾ ലഭ്യമാക്കുന്നതും പരിഗണിക്കാമെന്നും അവർ പറഞ്ഞു.
ആർത്തവത്തിന്റെ പേരിൽ വിദ്യാർത്ഥിനികൾ പഠനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കില്ലെന്നും ഭൂരിഭാഗം മാതാപിതാക്കളും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ആർ ശ്രീലേഖ തന്റെ കുറിപ്പിൽ വ്യക്തമാക്കി.






