ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആഗോള ആശങ്കകൾക്കിടെ രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് ഒരുങ്ങുന്നു. പൈപ്പ് വഴി പാചകവാതകം (PNG) ലഭ്യമായ വീടുകളിൽ എൽപിജി കണക്ഷൻ തുടരുന്നത് നിയന്ത്രിക്കാനാണ് തീരുമാനം.
പുതിയ ചട്ടപ്രകാരം, ഒരേ വിലാസത്തിൽ എൽപിജി സിലിണ്ടർ കണക്ഷനും പിഎൻജി കണക്ഷനും ഒരുമിച്ച് നിലനിർത്തുന്നത് അനുവദിക്കില്ല. പിഎൻജി സൗകര്യമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ നിർബന്ധമായും അതിലേക്ക് മാറേണ്ടതുണ്ടാകും. ഇതിനായി അനുവദിച്ചിരിക്കുന്ന സമയപരിധി ജൂൺ 30 വരെ ആയിരിക്കും.
പിഎൻജി കണക്ഷൻ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നാണ് നിർദേശം. സമയപരിധിക്കുള്ളിൽ മാറ്റം വരുത്താത്തവരുടെ എൽപിജി കണക്ഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇരട്ട കണക്ഷനുകൾ കണ്ടെത്തുന്നതിനായി എണ്ണക്കമ്പനികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിഎൻജി കണക്ഷൻ ഉള്ളവരുടെ ഡിജിറ്റൽ രേഖകൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇത്തരം ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടർ ബുക്കിംഗ് അനുവദിക്കരുതെന്ന നിർദേശവും കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം, പിഎൻജി സൗകര്യമില്ലാത്ത സ്ഥലത്തേക്ക് താമസം മാറുന്നവർക്ക് എൽപിജി കണക്ഷൻ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിലിണ്ടർ സറണ്ടർ ചെയ്യുമ്പോൾ പുനഃസ്ഥാപനത്തിനുള്ള വൗച്ചർ നൽകും.
ഇതിനിടെ, ജൂൺ ഒന്നിന് പാചകവാതക വില വർധിക്കുമോയെന്ന ആശങ്കയും ശക്തമാണ്. ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ എൽപിജി വിലയിൽ വർധന ഉണ്ടായിരുന്നു. ഈ മാസം ഗാർഹിക സിലിണ്ടറുകൾക്ക് വില കൂടുമോ, അതോ വാണിജ്യ സിലിണ്ടറുകൾക്ക് മാത്രം വർധനവുണ്ടാകുമോ എന്നത് ഉപഭോക്താക്കളും വ്യാപാര മേഖലയും ഉറ്റുനോക്കുകയാണ്.





