ഉത്തർപ്രദേശ്: ഫിറോസാബാദ് ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവതിയുടെ രണ്ട് വയസുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി. പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക് (24) പിന്നീട് പൊലീസിന്റെ പിടിയിലായി.
കൊല്ലപ്പെട്ടത് അധ്യാപികയായ രതി ദേവിയുടെ മകൻ ആരവ് ആണ്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന രതിയുമായി പ്രതി അടുത്ത ബന്ധം സ്ഥാപിക്കുകയും പലതവണ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രതി ഇത് നിരസിക്കുകയായിരുന്നു.
സംഭവദിവസം രതിയെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയ പ്രതി, കുഞ്ഞിന് മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കുട്ടിയെ നിലത്തടിച്ചും റോഡിലേക്ക് വലിച്ചെറിഞ്ഞും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രതിയെ വിവാഹം കഴിക്കുന്നതിന് കുട്ടി തടസ്സമാണെന്ന് കരുതിയാണ് പ്രതി ഈ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞപ്പോൾ ഇയാൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേറ്റു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.





