ദില്ലി : ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാൻ ഭീകരർക്ക് സഹായം നൽകുന്നത് തുടരുകയാണെങ്കിൽ ഇന്ത്യ കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജാഗ്രത തുടരുകയാണെന്നും കരസേന മേധാവി അറിയിച്ചു. ഭാവിയിൽ ഏതൊരു പ്രകോപനമുണ്ടായാലും മുമ്പത്തേക്കാൾ ശക്തവും നിർണായകവുമായ തിരിച്ചടി നൽകാൻ സൈന്യം തയ്യാറാണ്. ഭീകരരെയും അവർക്ക് പിന്തുണ നൽകുന്നവരെയും ഒരുപോലെ നേരിടുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിൻ്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു . ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നല്‍കി. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.




