ഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.
ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം, കേന്ദ്രമന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ 12 മണി വരെ ലോക്സഭ തടസപ്പെട്ടു.
ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് പുറത്തുവിട്ട രേഖകളിലുണ്ടെന്ന് ബജറ്റ് ചര്‍ച്ചക്കിടെ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന സ്വീകരണവുമായി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവരികയും ചെയ്തു. എപ്സ്റ്റീനുമായികൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയത്.
അതേസമയം, രാജ്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും, രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ ഉള്ള പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.










