പാരീസ്: ലൈംഗികാതിക്രമ കേസില്‍ ഫ്രഞ്ച് നടന്‍ ജെറാര്‍ദ് ദെപാര്‍ദ്യുവിന് (76) പാരീസിലെ കോടതി 18 മാസം തടവുശിക്ഷ വിധിച്ചു. 2021-ല്‍ ‘ദ ഗ്രീന്‍ ഷട്ടേഴ്‌സ്’ എന്ന സിനിമയുടെ സെറ്റില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വിധി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
മീ ടൂ ആരോപണങ്ങളുടെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. പരാതിക്കാരോട് അപമര്യാദയോടെയും ലൈംഗികച്ചുവയുള്ള ഭാഷയിലും സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, നടന്‍ ലൈംഗികാതിക്രമം നിഷേധിച്ചു. ചൊവ്വാഴ്ച വാദംകേള്‍ക്കാന്‍ അദ്ദേഹം എത്തിയില്ല. 1970-കളിലാണ്, ഫ്രഞ്ച് സിനിമയിലെ പ്രഗല്ഭ നടന്മാരിലൊരാളായി ദെപാര്‍ദ്യു മാറിയത്. 250-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘സിറാനോ ഡ ബര്‍ഷറാക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 1991-ല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.
ദെപാര്‍ദ്യു അപമര്യാദയോടെ പെരുമാറിയിട്ടുണ്ടെന്ന് ആരോപിച്ച് 20-തിലധികം സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെളിവില്ലാത്തതിനാലും കേസെടുക്കാനുള്ള സമയപരിധി കഴിഞ്ഞതിനാലും പലതും തള്ളിപ്പോയി.






