ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് സൈന്യം വെടിയുതിര്‍ത്തു. തുടര്‍ച്ചയായി എട്ടാം ദിവസമാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുന്നത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂര്‍ പ്രദേശങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി അധികൃതര്‍ അറിയിച്ചു. വെടിവെയ്പ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയുമായുണ്ടായിരുന്ന ഉഭയകക്ഷി കരാറുകളെല്ലാം പാക്കിസ്ഥാനും റദ്ദാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ് ആരംഭിച്ചത്.






