ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോള തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാനും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായം തേടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ഇസ്ലാമാബാദില്‍ യുഎസ് എംബസിയില്‍ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് പ്രശ്‌നപരിഹാരത്തിന് യുഎസിന്റെ ഇടപെടല്‍ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് വഹിച്ച പങ്കിനെ ഷെരീഫ് ശ്ലാഘിക്കുകയും ചെയ്തു. വിഷയത്തില്‍ യുഎസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സമയത്താണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറയുന്നത്.
”പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ കാണിക്കണം. വെടിനിര്‍ത്തലിന് ട്രംപ് വഹിച്ച പങ്കിന് നന്ദിയുണ്ട്. സമാധാനത്തിന്റെയും ബിസിനസ് കരാറുകളുടെയും മനുഷ്യനാണ് താനെന്ന് സംശയമേന്യ തെളിയിച്ചയാളാണ് ട്രംപ്. അദ്ദേഹം ഏറ്റുമുട്ടലുകള്‍ക്കും യുദ്ധത്തിനും ശീതയുദ്ധത്തിനുമെല്ലാം എതിരാണ്.”എന്നാണ് ഷഹബാസ് ഷെരീഫ് പറഞ്ഞത്.






