റിയാദ്: പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെ പാകിസ്ഥാൻ പ്രത്യേക സേന സൗദി അറേബ്യയിൽ എത്തി. പാക് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും സപ്പോർട്ട് വിമാനങ്ങളും ഉൾപ്പെടുന്ന സംഘമാണ് കിഴക്കൻ മേഖലയിലെ കിംഗ് അബ്ദുൽ അസീസ് എയർബേസിൽ വിന്യസിക്കപ്പെട്ടത്. ഇക്കാര്യം സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സൗദി–പാക് തന്ത്രപരമായ പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് സേന വിന്യാസം. ‘സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്’ പ്രകാരം, ഒരുരാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ളതായാണ് കണക്കാക്കുക. ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സംയുക്ത ഏകോപനവും പ്രവർത്തന സജ്ജതയും വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
2025 സെപ്റ്റംബർ 17-നാണ് ഈ പ്രധാന പ്രതിരോധ കരാർ ഒപ്പുവെച്ചത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ സൗദി അറേബ്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പാക് സേനയുടെ സാന്നിധ്യം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.






