ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടന്ന നിർണ്ണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും സംഘർഷ ഭീതി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പതാകയേന്തിയ എണ്ണക്കപ്പലുകൾ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി.
ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന രണ്ട് വലിയ എണ്ണക്കപ്പലുകളാണ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചത്. ‘ഷാലമർ’ എന്ന കപ്പൽ പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷനുടേതാണ്. ഇറാഖിലേക്ക് പോകാനിരുന്ന ‘അജിയോസ് ഫനൂറിയോസ് 1’ എന്ന കപ്പലും പാതിവഴിയിൽ നിന്ന് തിരിച്ചുപോയി. അതേസമയം ‘മൊംബാസ ബി’ എന്ന മറ്റൊരു പാക് കപ്പൽ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യുഎസ് ആവശ്യങ്ങൾ ഇറാൻ തള്ളിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് അറിയിച്ചു. ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആവശ്യങ്ങൾ യുക്തിരഹിതമാണെന്നും സ്വന്തം അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നുമാണ് ഇറാന്റെ നിലപാട്.
ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് എന്ന വിലയിരുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. ലോകത്തിലെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ആഴ്ചകളായി ഇറാന്റെ നിയന്ത്രണത്തിലാണ്. ധാരണയിലേക്കെത്താനാകാത്തതോടെ ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ പ്രതിസന്ധിയിലാകാനിടയുണ്ട്.
സുരക്ഷാഭീഷണി മൂലം ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ എണ്ണക്കപ്പലുകൾ പ്രദേശത്ത് കുടുങ്ങുകയോ യാത്ര ഒഴിവാക്കുകയോ ചെയ്യുകയാണ്. ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചതും സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




