ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. തീരുമാനം വിശദമായ ആലോചനകൾക്ക് ശേഷമാണ് എടുത്തതെന്നും കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഡുപ്പി-ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിയുമായുള്ള കൂടിക്കാഴ്ചയിലാണ് സോമണ്ണ നിലപാട് വ്യക്തമാക്കിയത്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവിടങ്ങളിലെ മൂന്ന് ജനറൽ മാനേജർമാരുമായി 40 മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം 100 കിലോമീറ്റർ മാത്രമാണ് ദൂരമെന്നും, എന്നാൽ മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് ഏകദേശം 350 കിലോമീറ്റർ ദൂരമുണ്ടെന്നും സോമണ്ണ ചൂണ്ടിക്കാട്ടി. മംഗളൂരു കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഇക്കാര്യത്തിൽ ഒരു വർഷത്തിന് ശേഷം മറുപടി നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
മംഗളൂരു തുറമുഖം കർണാടകയ്ക്ക് വേണമെന്ന ആവശ്യവും സോമണ്ണ ഉന്നയിച്ചു. കേരളത്തിന് ഇതിനകം രണ്ട് തുറമുഖങ്ങളും നിരവധി ഹാർബറുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നാണ് കേരളത്തിന്റെ ആശങ്ക. ഏകദേശം 60 ശതമാനം വരെ വരുമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. കിലോമീറ്റർ, ട്രാക്കിന്റെ നീളം, പ്രധാന സ്റ്റേഷനുകളുടെ എണ്ണം, വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് റെയിൽവേ ബജറ്റ് വിഹിതം അനുവദിക്കുന്നത്. അതിനാൽ വരുമാന ഇടിവ് ഭാവിയിലെ വികസന പദ്ധതികളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറുന്നതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ അടിയന്തര ക്വാട്ട ടിക്കറ്റുകൾക്കായുള്ള നടപടിക്രമങ്ങളിലും മാറ്റമുണ്ടാകുമെന്ന ആശങ്കയുണ്ട്. മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെട്ട് മാത്രമേ ഇത്തരം ക്വാട്ട ലഭ്യമാകൂ എന്ന സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള മംഗളൂരു മേഖലയെ ദക്ഷിണ റെയിൽവേയിൽ നിന്ന് മാറ്റി ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തുന്നതോടെ ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ഭരണപരമായ ചുമതലകൾ എന്നിവയിലും പുനഃക്രമീകരണം വേണ്ടിവരും.
പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രതികരണം. തീരുമാനം വി. സോമണ്ണയുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണവും ഇതിനിടെ ശക്തമായിട്ടുണ്ട്.
മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്ന നടപടിയോടെ മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ ആസ്തികളും മൈസൂരു ഡിവിഷന്റെ നിയന്ത്രണത്തിലാകും. ഇതിനുപിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ടും വിഭജന സാധ്യതകൾ ഉയർന്നത് കേരളത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


