മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയരുന്നു. സ്ഥലം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ പേരിലാണെങ്കിലും, ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയായാണ് ഇയാൾ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് പ്രീമിയം ആയുർവേദ റിസോർട്ട് നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ ഷോപ്പിംഗ് കോംപ്ലക്സിനായാണ് അനുമതി തേടിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.
പരിസ്ഥിതി ലോല മേഖലയായിട്ടും ഇവിടെ മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനും അനുമതി നൽകിയതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. 2018-ൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നൗഫൽ നൽകിയ വിലാസങ്ങളിലും വ്യക്തതയില്ലെന്നാണ് വിവരം. കൂടാതെ വേങ്ങര കുന്നുംപുറം സ്വദേശിയായ ഒരു ക്വാറി ഉടമയ്ക്കും ഭൂമി ഇടപാടുമായി ബന്ധമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ റോഡ് പൂർണമായും തുറക്കാൻ സമയമെടുക്കും.
സംഭവത്തിൽ പാറ പൊട്ടിക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പാണെന്നും മണ്ണെടുപ്പിന് അനുമതി നൽകിയതിൽ നഗരസഭാ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും നഗരസഭാ ചെയർപേഴ്സൺ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് അന്വേഷണം തുടരുകയാണ്.




