കൊച്ചി: അപകടകരമായ രീതിയിൽ ബൈക്കിൽ യാത്ര നടത്തിയ കുസാറ്റ് വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാർത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ സംഘത്തിലെ മറ്റ് ചില ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിക്കാതെയായിരുന്നു യാത്ര ചെയ്തതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വിദ്യാർത്ഥികളെ വിളിച്ചുവരുത്തി പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയതോടെ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കൂടാതെ, ഇവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശയും നൽകിയിട്ടുണ്ട്. ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




