കൊച്ചി: മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശമാണെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബിൽ സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെ ഒരു കൂട്ടം ബിരുദ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിയുടെ മൗലിക അവകാശമല്ലെന്നും, വായ്പ അനുവദിക്കുന്നതിന് മുൻപ് സഹ അപേക്ഷകരായ മാതാപിതാക്കളുടെ ക്രെഡിറ്റ് ചരിത്രവും സിബിൽ സ്‌കോറും ബാങ്കുകൾ പരിശോധിക്കുന്നത് നിയമാനുസൃതമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
ക്രെഡിറ്റ് സ്‌കോർ കുറഞ്ഞാൽ വായ്പ അനുവദിക്കാതിരിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെന്നും, വായ്പാ തിരിച്ചടവ് ഉറപ്പാക്കുന്നതിനായി സഹ അപേക്ഷകരുടെ സാമ്പത്തിക വിശ്വാസ്യത വിലയിരുത്തേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ബാങ്കുകളുടെ തീരുമാനം നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്.


