പത്തനംതിട്ട: സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ ലൈവ് നടത്തിയതിന് പിന്നാലെ പൊലീസ് വീട്ടിലെത്തി മർദിച്ചെന്ന് പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെ.എസ്. അനിൽകുമാർ (46) പരാതി നൽകി. സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
മൂഴിയാർ പൊലീസ് സ്റ്റേഷനിലെ ഒരു എ.എസ്.ഐയും ഡ്രൈവറും ചേർന്നാണ് വീട്ടിലെത്തി മർദിച്ചതെന്നാണ് അനിൽകുമാറിന്റെ ആരോപണം. ഹൃദ്രോഗം, കരൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ മരുന്ന് കഴിച്ച ശേഷം വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും, പിന്നീട് വസ്ത്രത്തിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി മർദിച്ചെന്നും അനിൽകുമാർ ആരോപിക്കുന്നു. രോഗബാധിതമായ കാലുകളിൽ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതായും അദ്ദേഹം പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
രണ്ട് ദിവസം മുമ്പ് സംസ്ഥാന സർക്കാരിന്റെ ചില തീരുമാനങ്ങളെ വിമർശിച്ച് അനിൽകുമാർ ഫേസ്ബുക്കിൽ ലൈവ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് വിവരം.
സംഭവത്തിന് ശേഷം നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് മർദനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുമെന്ന് അനിൽകുമാറും കുടുംബവും അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.




