ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളുടെയും ഊർജത്തിന്റെയും വിതരണം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ആശങ്കകൾ ഉയർന്നതിനാലാണ് രാജ്നാഥ് സിങ് രംഗത്ത് എത്തിയത്.
ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലയിൽ തടസ്സങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുന്നതിനായി രൂപവത്കരിച്ച ഇൻഫോർമൽ എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ഐജിഒഎം) യോഗത്തിന് പിന്നാലെയാണ് രാജ്‌നാഥിന്റെ പ്രതികരണം.
‘എല്ലാ അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത് ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ്. വിതരണശൃംഖലയിൽ ക്ഷാമമോ തടസ്സങ്ങളോ ഉണ്ടാകുന്നത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.






