കൊച്ചി: ലോഡ് ഷെഡ്ഡിംഗിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പരാതി നൽകിയത്. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ് ബോർഡ് അധികൃതർ കത്ത് നൽകിയിരിക്കുന്നത്.
കറന്റ് മുടങ്ങുന്നതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെ, വൈദ്യുതി പ്രതിസന്ധി അധിക നാൾ തുടരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 200 മെഗാവാട്ടിന്റെ കുറവാണുള്ളത്. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാൻ തുടങ്ങിയതായും അറിയിച്ചു. അറ്റകുറ്റപ്പണിയെ തുടർന്ന് വിതരണം തടസപ്പെട്ടിരുന്നു.
പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി ലഭ്യമായതും വേനൽ മഴ തുടങ്ങുന്നതും ആശ്വാസമായി. ഇതോടെ വൈദ്യുതി ഉപയോഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് ആദ്യവാരം ഉഷ്ണ തരംഗം സാധ്യതയുണ്ടെങ്കിലും അതുവരെ കൂടുതൽ വൈദ്യുതി ലഭ്യമാകും എന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഡാം മാനേജ്മെന്റിലെ പിഴവുകളും പ്രതിസന്ധിക്ക് കാരണമായെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വൈകിട്ട് 6 മുതൽ രാത്രി 12 വരെ അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണങ്ങളും നിർദേശിച്ചിട്ടുണ്ട്. പീക്ക് സമയത്ത് വാഹന ചാർജ്ജിംഗ് ഒഴിവാക്കണം. എസി ഉപയോഗം നിയന്ത്രിക്കണം. ഇൻഡക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. പ്രതിസന്ധി കുറയ്ക്കാൻ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




