കോഴിക്കോട്: പേരാമ്പ്ര ലഹരിക്കേസിലെ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് വടകര എൻഡിപിഎസ് കോടതി പരിഗണിക്കും. ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസിലെ മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷകളും ഇന്ന് കോടതി പരിഗണിക്കും.
അതേസമയം, അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും 16 ലക്ഷം രൂപ വരെ എത്തിയതായാണ് പൊലീസ് പറയുന്നത്. കുട്ടികൾക്ക് ലഹരി എത്തിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പ്രതികളുടെ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്‌ക കഫേ കേന്ദ്രീകരിച്ചും ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.




