മലപ്പുറം: പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ സ്വദേശി ദിലീപ് രജകിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബിഹാറിൽ നിന്ന് പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു. മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താനുള്ള ശ്രമം ബാലകൃഷ്ണൻ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.
മില്ലിൽ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നത്. കേസിലെ പ്രതികളെ കേരളത്തിലെത്തിച്ച ഏജന്റിൽ നിന്ന് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പൊലീസിന് നിർണായക വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാറിലെത്തിയ അന്വേഷണ സംഘം ദിലീപ് രജകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിലെ രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.


