ആലപ്പുഴ: തൈക്കാട്ടുശ്ശേരി പി എസ് കവലയിലുള്ള പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ കൊരട്ടി സ്വദേശി റിയാദ്, എറണാകുളം നോർത്ത് പറവൂർ സ്വദേശി മിഥുൻ സി എ എന്നിവരെയാണ് പിടിയിലായത്.
പ്രതികൾ ഓഫീസിന്റെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ച് കയറി മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണും കവർന്നുവെന്നാണ് പൊലീസ് പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്നു. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്.
ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി യുടെ നേതൃത്വത്തിൽ പൂച്ചാക്കൽ സി.ഐ. ഷെഫീക്ക് എ, എസ്ഐമാരായ അനിൽകുമാർ, വീനസ്, സിഐപിഒമാരായ ഗിരീഷ്, അരുൺ, പ്രവീഷ്, സൈബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






