കാസർകോട്: വഖഫ് ബോർഡ് നിയമനത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള പുതിയ സർക്കാർ തീരുമാനത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടത് സർക്കാർ അധികാരത്തിലിരുന്നപ്പോൾ അമുസ്ലീങ്ങളെ ഉൾപ്പെടുത്താതെയാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബോർഡിൽ ഭരണ സ്തംഭനമില്ലാത്ത സാഹചര്യത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. പുതിയ സർക്കാർ ആർഎസ്എസിന്റെ നിലപാടാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫും ആർഎസ്എസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പിഎംശ്രീ പദ്ധതിയെക്കുറിച്ചും പിണറായി വിജയൻ പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് ലഭിക്കാനാണ് മുൻ സർക്കാർ പിഎംശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ധാരണാപത്രം തടസ്സമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന ആരോപണവും പിണറായി വിജയൻ ഉന്നയിച്ചു.




